[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Saturday, 30 January 2010

പ്രഭാതചിന്തകൾ

ഇരുൽമൂടിയ വാനത്തിൽ നേരീയചുവന്ന പ്രകാശം പടരുകയാണ്.
പ്രകാശത്തെ വരവേൽക്കാനായി പൂവങ്കോഴി മുഴക്കിയ രണ്ടാമത്തെ ശംഖനാദം മുഴങ്ങിയിട്ട് ഏറെനേരമായില്ല.
പക്ഷികളുടെ കളകൂജനങ്ങൾ പുലരിയുടെ വരവിനെ വായ്ക്കുരവയിട്ട് വരവേൽക്കുന്നു.
അമ്പിളിയുടെ പാൽപ്പുഞ്ചിരിയിൽ ചാഞ്ചാടിക്കുഴഞ്ഞ ആമ്പലുകൾ അർക്കന് സ്വാഗതമരുളാനായി അഞ്ജലീബദ്ധരാവാൻ ഒരുങ്ങിക്കഴിഞ്ഞു.
താമരമുകുളങ്ങൾ കാന്തന്റെ വരവിനായുള്ള, രാത്രിമുഴുവൻ നീണ്ട തപസ്സിന്റെ സാഫല്യത്തിൽ പ്രേമപുളകിതരായി, കാന്തനെ വരവേൽക്കാൻ ദളപുടങ്ങൾ വിടർത്തുകയായി.
പ്രകൃതീദേവിയാകട്ടെ തെളിഞ്ഞുവരുന്ന പ്രകാശക്കടലിൽ മുങ്ങിക്കുളിച്ചു തെളിയാനായി ഒരുങ്ങി നിൽക്കുന്നു.
“കൌസല്യാസുപ്രദാരാമപൂർവ്വാസന്ധ്യാപ്രവർധതേ, ഉത്തിഷ്ഠകമലാകാന്താത്രൈലോക്യം മംഗളം ഗുരു.“
വെങ്കിടേശ്വ സുപ്രഭാതം പാടി അലാറം പ്രഭാതകാഴ്ചകളിലേക്കായി ഉണർത്തുന്നു. കുഞ്ഞുമോളതാ തന്റെ പുതപ്പ് തപ്പിയെടുത്ത് തലവഴിമൂടുന്നു. ഏതു ഒരുക്കത്തിലും അവൾക്ക് അറിയാം, ഇപ്പോ അമ്മ ഏണീറ്റു പോകും, അധികം വൈകാതെ അച്ഛനും എണീറ്റു പോകും, പിന്നെ തണുക്കാതിരിക്കാൻ ഇതല്ലെ മാർഗ്ഗമുള്ളൂ.
‘’ഇന്ന് ഏതാ ദിവസം? മുടക്കുദിവസാണല്ലോ, ഭാഗ്യം നേർത്ത എണീക്കണ്ട.”
പുതപ്പുകൊണ്ട് മൂടി ഒന്നുകൂടെ അവിടെത്തന്നെ ചുരുണ്ട്കൂടി.
ഇനി ഒന്നുകിൽ ചായയുടെ മണം മൂക്കിലടിക്കണം, അല്ലെങ്കിൽ മുഖത്ത് വെയിലടക്കണം എന്നാലേ എണീക്കൂ
പക്ഷേ, പുള്ളിക്കാരന് ഒന്നുണർന്നാൽ പിന്നെ ഒരക്കം വരില്ല. രാവിലെ മൂടിപ്പുതച്ചു കിടക്കണേന്റെ സുഖം എത്രയായാലും അങ്ങട് മനസ്സിലാവില്ല. നേർത്തെ എണീക്കാന്നുള്ളതു ഒരുനല്ലശീലാത്രെ !
പണ്ടെക്കെ പിടിച്ചുകിടത്താൻ പറ്റുമായിരുന്നു.ഇപ്പോ പിള്ളേരെക്കെ വലുതായില്ലേ??
മനുഷ്യന്റെ ഓരോ അവസ്ഥകള്. ഓരോസമയത്ത് ഓരോന്നിനാ പ്രധാനം! സ്ഥായിയായൊരു ഭാവവുമില്ല.
പ്രണയകാലത്തെ മറികടന്ന് മമതക്കാണ് ഇപ്പോ സ്ഥാനം, കുട്ടികൾ ഒരിക്കലും അതു സമ്മതിച്ചുതരാറില്ലങ്കിലും.
ജീവിതം തുടങ്ങിയപ്പോൾ എല്ലാം അവരവർക്ക് വേണ്ടിയായിരുന്നു.,ഇപ്പോ കുട്ട്യോൾടെ ആവശ്യം കഴിഞ്ഞട്ടു മതി ബാക്കി എന്നതാണ് അവസ്ഥ.
ഒരു കണക്കിനു അതും തങ്ങൾക്കുവേണ്ടിത്തന്നെ, ചെയ്തുകൊടുക്കാതിരുന്നാൽ കുറ്റബോധം ഇരുത്തിപൊറുപ്പിക്കുമോ?
എല്ലാം “അവനവനാത്മസുഖത്തിനായ്വരേണം“ എന്നാണല്ലോ.
പക്ഷേ ഈ രാവിലെ എണീക്കുന്നതിനോട് മാത്രം … ശരിയാവുന്നില്ല.
“വെളുക്കുമ്പോൾ ഉണർണം, വെളുത്തുള്ളതുടുക്കണം
വെളുപ്പിൽ ക്ഷേത്രദൈവത്തെ എളുപ്പം തൊഴുതീടണം“
ഇതൊക്കെ കേട്ടും ചൊല്ലിയും തന്നെയാണ് വളർന്നത്, പറഞ്ഞീട്ടെന്താ കാര്യം ഇപ്പഴും അതിരാവിലെ എണീക്കാന്നു പറഞ്ഞാൽ ചതുർത്ഥിയാ.
കുഞ്ഞായിരിക്കുമ്പോൾ രാവിലെ വിളിച്ചാലുടൻ എണീക്കും, എന്നട്ടോ! കൊറച്ചുകഴിയുമ്പോൾ കാണാം കിടക്കേല് നമസ്ക്കരിച്ച് കെടക്കണത്. ശരിക്ക്യന്നെ ഒറക്കാവും, തട്ടിവിളിച്ച് ചോദിച്ചാൽ തൊഴുതു നമസ്കരിക്കാണെന്നു തെളിഞ്ഞു നിൽക്കും.
എവിടെങ്കിലും പോവാനാണെങ്കിൽ ചാടിഎണീക്കേം ചെയ്യും. പക്ഷേ എന്നും എണീക്കണങ്കിൽ കഷ്ടം തന്ന്യാ.
വലുതായി പഠിക്കാൻ കുറേയേറെ ഉണ്ടായപ്പോൾ നേരത്തെ എണീക്കാൻ ഒരു ശ്രമം നടത്തിയതാണ് ,‘പട്ടീടെ വാലുണ്ടോ പന്തീരാണ്ടുകാലം കുഴലിട്ടാലും നിവരുന്നു‘!!!. ഉറക്കവുമില്ല, പഠിപ്പുമില്ല.
ഹോസ്റ്റലിൽ വെച്ച് മറ്റുകുട്ടികൾ ചെയ്യുന്നതു കണ്ട് ഒരു ശ്രമം കൂടെ നടത്തിനോക്കിയപ്പോൾ ഒരു വാച്ച് മേന്റെ ജോലി പോയതു മാത്രം മിച്ചം.
എന്നും അലാറം വെച്ച് പഠിക്കാനായി എണീക്കും, കുറച്ചു പഠിച്ച് മേശമേൽ തലവെച്ചുറങ്ങും ലൈറ്റും ഇട്ടീട്ടുണ്ടാവും
അന്നൊരുദിവസം റൂമേറ്റ് അവിചാരിതമായി എണീറ്റു, അപ്പോ കണ്ട കാഴ്ച കേമമായിരുന്നു. ഉറങ്ങുന്ന കുട്ടികളെയും നോക്കി ഉറങ്ങാതൊരാൾ ജനാലക്കരികിൽ നിൽക്കുന്നു
നാട്ടുമ്പുറത്തുനിന്നു വന്നവരല്ലെ, ജനാല അടച്ചു കിടക്കണ ശീലമുണ്ടായിരുന്നില്ല.
അങ്ങനെ താഴത്തെ നിലയിലുള്ളവർ നിർബന്ധമായും ജനാല അടച്ചുകിടക്കലും, പഴനിയുടെ പണിയും, നേരത്തെ എണീറ്റു പഠിക്ക്യാന്നുള്ള അതിമോഹവും ഇല്ലാതായി.
അതിനുശേഷം ഇപ്പോഴാണ് നേരത്തെ എണീക്കേണ്ടി വന്നത്, മോളേ നേരത്തെ ട്യൂഷന് പറഞ്ഞു വിടണ്ടെ!!
ഇടക്കിടക്ക് മോളെ ബ്ലാക് മെയിൽ ചെയ്യാറുണ്ട്, അമ്മയുടെ ഈ ത്യാഗത്തിന്റെ കണക്കും പറഞ്ഞ്. ഇതിനും ചേർത്ത് മാർക്കു വാങ്ങണം എന്നാണു ഡിമാന്റ്. പറയല്ലാണ്ട് എന്താ അവരവർക്ക് പറ്റണപോലെ ചെയ്യട്ടെ, മടികാണിക്കാൻ തോന്നല്ലേ എന്നു വിചാരംണ്ട്
ഒരു ചായേടെ മണം മൂക്കിലടിക്കുന്നുണ്ട്! എണീറ്റേക്കാം, കെടന്നാലേ കാര്യങ്ങളൊന്നും നേരനടക്കില്ല. പിന്നെ അതിന്റെ പൊല്ലാപ്പ്.
പഴനി ഇപ്പോ എവിടെയാവും, വയസ്സനായിക്കാണും എന്നാലും കൈയ്യിലിരിപ്പു മാറാൻ വഴിയില്ല.

No comments:

Post a Comment