[സകലതിനേയും സൃഷ്ടിച്ചു പാലിക്കും ലോകമാതാവിനു പ്രണാമം]

Friday, 5 February 2010

കേൾവിക്കാരുടെ മനശ്ശാസ്ത്രം

എനിക്കവരെ മാറ്റാതെവയ്യ
ഏറെ ഉപയുക്തയാണെന്നിരിക്കലും
ആത്മാർത്ഥമായെന്നെ സേവിച്ചു പോരുന്ന
ആ സഹായിയെ മാറ്റാതെവയ്യ
കാരണം അവളോടു ചൊല്ലാൻ വയ്യ
കാര്യമവളുടെ ദു:ഖഭാഷ്യമല്ലോ
താനേ ഒഴിഞ്ഞാലതത്രയും നല്ലതു
നിന്നോടൊഴിയുവാൻ ചൊല്ലാൻ വയ്യ
തിങ്ങൽ സഹിക്കാൻ ഞാൻ പ്രാപ്തയല്ല
തിങ്ങുമാചങ്കോ തണുപ്പിക്കാമെങ്കിലും
ഏറ്റുപിടിക്കുമാ ദു:ഖത്തിൻ വിങ്ങലോ
ഏറെ സഹിക്കുവാൻ പ്രാപ്തയല്ല
കുഞ്ഞവളുടെ കൈവിട്ടു പോയോ
കുഴഞ്ഞു പഠനം, അടക്കവുമില്ല
പ്രത്യക്ഷലക്ഷണം കോപവും വാശിയും
പ്രശ്നമിതാകെ കൈവിട്ടു പോയോ
എല്ലാരും താന്തോന്നി എന്നു ചൊല്ലി
എത്തി നിവ്രുത്തിക്കായ് മനശ്ശാത്രലോകേ
തിരിച്ചും മറിച്ചും ചോദ്യശരമൈയ്തു
തിക്തമാ പ്രശ്നം പുറത്തു ചൊല്ലി
പൌരുഷം പാരുഷ്യം കാട്ടുകയോ
പിഞ്ചുകുഞ്ഞിന്നടുത്തോ ദുഷ്കാമകേളീ
ഇത്തരുണമുണ്ടായ ആത്മസംഘർഷം
ഇന്നിതാ പാരുഷ്യം കാട്ടുകയോ
കണ്ടുപിടിച്ചു ചികിത്സാവിധി
കാര്യോപദേശവും മരുന്നും വേണം
കുറയും നിസ്സംശയം സഹകരിച്ചാൽ
കാലക്രമേണേ, ചിക്തിത്സാവിധി
കാരണം വീട്ടിൽ പറയാൻ വയ്യ
കാരുണ്യമന്യേ പ്രതീകരിച്ചെങ്കിലോ
കൊലവിളി നടത്തുമാ താതന്റെ ദു:ഖം
കൊച്ചിന്റെ ഭാവിയോ പറയാൻ വയ്യ
അവളീദു:ഖം എങ്ങിനെ താങ്ങും
ആരുണ്ടീക്കഥ പുറത്താകാതെ നോക്കും
ഞെങ്ങിഞെരുങ്ങി പറഞ്ഞു എന്നോടവൾ
ഞാനീക്കനത്തെ എങ്ങിനെ താങ്ങും
ഈവിധം നാളുകൾ നീങ്ങിയെന്നാൽ
ഈ ദു:ഖഭാഷണം ഇങ്ങനെ നീങ്ങിയാൽ
കാഠിന്യമെന്റെ മനസ്സിന്നുതാങ്ങുവാൻ
കഷ്ടമാണിങ്ങിനെ നീങ്ങിയെന്നാൽ
കാര്യമെൻ സ്വാസ്ഥ്യം ഉടക്കാൻ വയ്യ
കണ്ണടച്ചിരുട്ടാക്കി നേടിയതല്ലോ
എന്തിന്നറിവു കടത്തി ഉടക്കണം
എനിക്കവളെ മാറ്റാതെ വയ്യ

Monday, 1 February 2010

സ്വന്തം

ഞാൻ റാണാ എന്ന റാണി. എനിക്കു സ്വന്തമായൊരു കിടപ്പാടമുണ്ട്.ഇനിയാരും എന്നെ ഇവിടെ നിന്ന് ഇറക്കിവിടാൻ തുനിയുമെന്ന് തോന്നുന്നില്ല .പലരും പലവട്ടം നോക്കിയതാണ്,എന്തോ എനിക്കിവിടം വിടാനാവില്ല.ഇവിടെ എന്തുണ്ടായിട്ടാണെന്നു ചോദിക്കാം പക്ഷേ അതങ്ങിനെയാണ്.ഒരു പക്ഷേ ഞങ്ങളുടെ കൂട്ടക്കാരുട പ്രകൃതമാവും. എത്ര തല്ലിയോടിച്ചാലും പോകാനാവാത്ത ജന്മങ്ങൾ.
ആണിനെ വേണം എന്നാശിച്ചവരുടെ കയ്യിലേക്ക് ഒരു അബ്ദമായി എത്തിപ്പെട്ടങ്കിലും അവരെന്നെ സ്വീകരിച്ചു. റാണാ എന്നു പേരിട്ടു,ചിലരെല്ലാം റാണി എന്നു തിരുത്തി വിളിച്ചു.എന്തായാലും ഒരുപോലെ, പോരിലെന്തിരിക്കുന്നു അല്ലോ ? നല്ലഭക്ഷണവും കിടപ്പാടവും ഒരുക്കി അവരെന്നെ വളർത്തി. അതിന്റെ നന്ദി ഞാനെന്നും കാട്ടിയിട്ടുണ്ട്.
പിന്നീടെപ്പോഴോ എനിക്കീ ഈ ബന്ധനം മടുപ്പുളവാക്കാൻ തുടങ്ങി. ഒന്നും ചെയ്യാനില്ലാതെ, എങ്ങനെ കാലം തള്ളിനീക്കാനാവും. വരവുകളുടെ അറിയിപ്പു പോലും നടത്താനാവാതെ ,(മുഖ്യമായും ഞങ്ങളുടെ കർമ്മം അതാണല്ലോ!! ) ചിലസമയത്തു അറിയിപ്പു നടത്തിയാൽ ചീത്ത, ചിലപ്പോൾ നടത്തിയില്ലെങ്കിൽ ചീത്ത. പലതവണ ഇവിടുന്നു രക്ഷപ്പെടാൻ ശ്രമിച്ചതാണ് ,അപ്പോഴല്ലെ മനസ്സിലാകുന്നത് എനിയ്ക്കതിനാവില്ലയെന്ന്. അപ്പോഴെല്ലാം തിരിച്ചുവന്നു. എന്റെ തിരിച്ചുവരവിൽ അവർ സന്തോഷിക്കുന്നതായും തോന്നിയിട്ടുണ്ട്.
പിന്നീടെപ്പോഴോ ആരുമെന്നെ ശ്രദ്ധിക്കാതായി.അതോ സാഹചര്യങ്ങൾ മൂലം ശ്രദ്ധിക്കാൻ പറ്റാതായതൊ? എല്ലാവർക്കും അവരവരുടെ പ്രശ്നങ്ങൾതന്നെ വലുത്,അതിനിടയ്ക്ക് ഈയുള്ളവളെ ആരു ശ്രദ്ധിക്കാൻ.ചിലപ്പോൾ കിടപ്പുപോലും മലമൂത്രവിസർജ്ജ്യങ്ങൾക്കിടയിലായി. കുളിച്ചകാലം മറന്നു. പക്ഷേ മുടങ്ങാതെ ഒരു നേരത്തെ ഭക്ഷണം കിട്ടിയിരുന്നു.അതും ചിലപ്പോൾ മുടങ്ങാൻ തുടങ്ങി.ഒരു ദിനം സ്വതന്ത്രയാക്കി. കോണ്ടുകളഞ്ഞു എന്നുപറയുന്നതാവും ശരി. എനിക്കങ്ങനെ പൊവാനാകുമൊ?
പുതിയ കൂട്ടുകാരെല്ലാം പറഞ്ഞൂ“ എന്തിനു നീ അവിടെ പോകണം? നിന്നെ വേണ്ടാത്തവരെ നിനക്കും വേണ്ടാ?”
കുറച്ചുകാലം ഞാനും അതുനടിച്ചു നടന്നു ,പറ്റുന്നില്ല.ഞാനെന്റെ മടക്കയാത്ര തുടങ്ങി.ദുർഘടം പിടിച്ചതായിരുന്നു ആ യാത്ര. ഒരു കാലിന്റെയും, ഒരു കണ്ണിന്റെയും ഫ്യൂസുപോയികിട്ടി. കർമ്മഫലം എന്നാശ്വസിക്കയല്ലാതെ എന്തുവഴി. അവസാനം ഒരു രാത്രി ങാൻ തിരിച്ചത്തി. വല്ലാതെ തളർന്നിരുന്നു,പ്രിയപ്പെട്ട സ്ഥാനത്റ്റു കിടന്നതേ ഓർമ്മയുള്ളൂ. ഉണർന്നപ്പോൾ നേരം നന്നായി വെളുത്തിരുന്നു.ഇത്രയും നന്നായി,ഭയരഹിതമായി ഉറ്ങ്ങിയ കാലം മറന്നപോലെ!
ആരും ആട്ടിയോടിച്ചില്ല,കണ്ടതായിപ്പോലും നടിച്ചില്ല. ചുറ്റുവട്ടത്ത് ധാരാളം അടുക്കളയുള്ളതിനാൽ ആഹാരത്തിനു മുട്ടുണ്ടായില്ല. അവഗണന നിറഞ്ഞതെങ്കിലും കാലം കടന്നുപോയി.
എനിക്കു നാലു കുഞ്ഞുങ്ങൾ പിറന്നു. മൂന്നാണും, ഒരു പെണ്ണും.രണ്ടാണിനെ എവിടേക്കോ ഇവർ കൈമാറിയിരിക്കുന്നു.ഞാനിവിടെ എത്തിയതു പൊലെ. പെണ്ണിനെ ആർക്കും വേണ്ടാ.അവൾ സ്വതന്ത്രയായി വളരട്ടെ.അടിമത്തം അവളുടെ ചോരയിൽ അലിയാതിരിക്കട്ടെ. അമ്മയുടെ ച്രും ഉപഗ്രഹം പോലെയല്ലേ അവൾ കറങ്ങുന്നത്. ഇതിലൊരു അർത്ഥവുമില്ല,നാലു ദിനം കഴിഞ്ഞാലിവൾ ഇവർക്കൊരു ശല്യമാകും.ഇവളല്ല, ചറ്റുംകൂടുന്ന സുഹ്ദൃവലയം വിധി. ഒരുത്തനെ ഇവിടെത്തന്നെ കെട്ടിയിട്ടിട്ടുണ്ട് ഇവർക്കു അവനെ വേണമത്രെ, ബന്ധനത്റ്റിന്റെ നോവവനറിയുന്നുണ്ട്.സദാസനയവും കരച്ചിലാണ്, എങ്ങനെ കരയാതിരിക്കും? സകലസ്വാതന്ത്രവും അനുഭവിച്ചു ഒരുകൂടപ്പിറപ്പ് നടക്കുകയല്ലേ?
സാരമില്ല മകനെ, ഇതുനിന്റെ നിലനിൽപ്പിനു നല്ലതാണ്. ഒരു സ്വന്തം നിനക്ക് കെട്ടിപ്പെടുക്കാനാവും.അനുഭവസ്ഥയല്ലൊ ഞാൻ.! സ്വന്തം എന്നുപറയുവാൻ ചിലത് ഉണ്ടാവുമെങ്കിൽ,അതില്പരം വേറെന്തുവേണം